ഒരു നേർത്ത മർമ്മരം Oru Nertha Marmaram ഒരു നേർത്ത മർമ്മരം Oru Nertha Marmaram
0 76.560875

no images yet

SHARE WITH OTHERS
See new updates

ഒരു നേർത്ത മർമ്മരം Oru Nertha Marmaram

Latest Updates

വെളിച്ചവും കാറ്റും....

" എന്തു പറ്റി നിനക്ക്? എന്തിനെയാണ് നീ ഭയക്കുന്നത്? "
കാറ്റ് തെല്ലുൽകണ്ഠയോടെ ചോദിച്ചു.
"എന്റെ ചിതയൊരുങ്ങി തുടങ്ങി. മരണം ഞാൻ മുന്നിൽ കാണുന്നു."
പുഞ്ചിരി മാഞ്ഞ മുഖത്ത് വേദനയോടെ വെളിച്ചം മൊഴിഞ്ഞു.
" എല്ലാം നിന്റെ തോന്നലാണ്. നിന്നെ തോൽപിക്കാൻ ആർക്കാണ് കഴിയുക?" വായു പ്രതിവചിച്ചു.
" ഇല്ല എന്റെ സമയം തീരാറായി. എനിക്കിനി ഒത സ്ഥാനവും ഇല്ല ഇവിടെ "
വെളിച്ചം വിതുമ്പി.
"നീയൊന്ന് പുഞ്ചിരിച്ചാൽ തന്നെ ഘനീഭവിച്ച അന്ധകാരം അപ്പാടെ ഇല്ലാതാവും. ഇരുളിനെ എല്ലാവരും ഭയക്കുമ്പോൾ, നിന്നെ എല്ലാവരും സ്നേഹിക്കുന്നില്ലേ? പിന്നെ എന്താണ് പ്രശ്നം? നീയിങ്ങനെ ഒളിച്ചിരുന്നാൽ ആകെ പ്രകൃതിയുടെ താളം തെറ്റും. നിന്റെ വിഷമം എന്താന്നെങ്കിലും പറയൂ ..."
കാറ്റ് ആരാഞ്ഞു.
ഒരു ദീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ വെളിച്ചം പറഞ്ഞു തുടങ്ങി.,
" ശരിയാണ്, ഞാൻ സ്നേഹിച്ചത് പോലെ എല്ലാവരും എന്നെയും സ്നേഹിച്ചു. എന്നോട് നയിക്കാൻ പറഞ്ഞു. എല്ലാവരും ഞാനാൽ നയിക്കപ്പെടാൻ ആഗ്രഹിച്ചു. മഹത്തുക്കൾ കണ്ണുകൾ കൊണ്ട് മാത്രമല്ല ഉള്ളു കൊണ്ടും എന്നെയറിഞ്ഞു. കാലാകാലങ്ങളായി അടിഞ്ഞുകൂടിയ ഇരുട്ടിന് മേൽ അവരിലൂടെ എനിക്ക് ആധിപത്യം നേടാനായി. എന്നിലൂടെ ഏറിയ പങ്ക് മനുഷ്യരും നേർവഴി കണ്ട് നടന്നു. എന്നെ വിഴുങ്ങാൻ കാത്തിരുന്ന ഇരുൾ എന്റെ സാന്നിധ്യം അറിയുമ്പോഴേ അകലെ മറയാൻ തുടങ്ങി. എന്നിലെ നേരറിഞ്ഞവർ പുതുതലമുറയ്ക്കും എന്നെ പകർന്നു. ജാതിമത ഭേതമന്യേ നാലാൾ കൂടുന്നിടത്തെല്ലാം എന്നെ വിശിഷ്ട സാക്ഷിയാക്കി. സദസിൽ എന്നെ പവിത്രമായി കണ്ട് തെളിക്കുന്നവർ അറിയാതെ തന്നെ മറ്റുള്ളവരുടെയുള്ളിൽ പ്രത്യാശയുടെ തിരി കൊളുത്തുകയായിരുന്നു. ഈശ്വര വിശ്വാസികൾ അല്ലാത്തവർ പോലും ഐശ്വര്യത്തിന്റെ പ്രതീകമായി കണ്ട് എന്നെ തെളിയിച്ച് പോന്നു..." വെളിച്ചം ഒന്ന് നിർത്തി.
" എന്നിട്ട് ഇപ്പോൾ എന്തുണ്ടായി?" കാറ്റ് ആരാഞ്ഞു.
"വഴിതെളിക്കേണ്ടവർ തന്നെ എനിക്ക് ആസന്ന മരണം നേർന്ന് കഴിഞ്ഞു. എന്റെ സാന്നിധ്യം ഇനി നാലാള് കൂടുന്നിടത്ത് വേണ്ട എന്ന് കൽപ്പിച്ച് കഴിഞ്ഞു. എന്റെ സാന്നിധ്യത്തിലെ ശാന്തമായ പ്രാർത്ഥനകൾക്ക് പോലും വിലക്ക്. എന്നെയറിഞ്ഞവർ എനിക്ക് ഭ്രഷ്ട് കൽപ്പിക്കുകയില്ലെങ്കിൽ കൂടി, സമീപ ഭാവിയിൽ തന്നെ എന്റെ അവസാനം ഞാൻ കാണുന്നു. രാജാവ് തന്നെ അന്ധനായാൽ പിന്നെ കാഴ്ചയുള്ളവരുടെ ജൽപനങ്ങൾക്ക് എന്ത് വില ലഭിക്കും?" വെളിച്ചം ആവലാതിപ്പെട്ടു.
" ശരിയാണ്, നീ പറയുന്നതൊക്കെ ശരിതന്നെ. എന്നാൽ വെളിച്ചത്തെ അന്ധകാരം വിഴങ്ങാൻ അനുവദിക്കാത്ത ഒരു തലമുറ ഒരുങ്ങുന്നുണ്ടിവിടെ. നീ അവരെ സംരക്ഷിച്ചത് പോലെ നീ അണയാതെ അവർ നോക്കിക്കൊള്ളും. നിനക്കായി ഒരുങ്ങുന്ന ചിതയിൽ ഇരുൾ ഒടുങ്ങിക്കൊള്ളട്ടെ..."
കാറ്റ് വെളിച്ചത്തെ ആശ്വസിപ്പിച്ചു.
ആ വാക്കുകളിൽ നിന്നും ഊർജം ഉൾക്കൊണ്ട് വെളിച്ചം വീണ്ടും നിറഞ്ഞ് ചിരിക്കുമ്പോൾ, ദൂരെ.., എവിടെയോ ആരോ ഇങ്ങനെ ആഹ്വാനം ചെയ്യുന്നത് കാറ്റ് മാത്രം കേൾക്കുന്നുണ്ടായിരുന്നു.
"വായുവിനെ നമ്മൾ കാണുന്നില്ലല്ലോ, അതൊരു അന്ധവിശ്വാസമാണ്. അത് കൊണ്ട് ഇനി മുതൽ ആരും വായു വലിച്ച് അകത്തേക്ക് കേറ്റരുത്....... "
~~~~

   Over a month ago
SEND

മഴയുടെ അറ്റത്തേക്ക്....

വെറുതെ നടക്കുകയായിരുന്നു ഞാൻ. മഴ പെയ്തു മടങ്ങിയ തൊടിയിലൂടെ വെറുതെ ഇങ്ങനെ നടക്കുന്നത് പണ്ടേയിഷ്ടമുള്ള കാര്യമാണ്.പുൽനാമ്പുകളിലെ മഴത്തുള്ളികളെ തഴുകിയുള്ള ആ നടത്തം ഇന്നും അവസാനിച്ചത്, തൊടിയുടെ അറ്റത്തുള്ള ചെമ്പകമരച്ചോട്ടിലാണ്. എന്നും അവിടെ നിൽക്കുന്നത് ഒരു സുഖം തന്നെയായിരുന്നു. നിലത്തു വീണു കിടക്കുന്ന നനഞ്ഞ ചെമ്പകപ്പൂക്കളെ നോക്കിയങ്ങനെ നിൽക്കുമ്പോൾ, കാറ്റേറ്റിട്ടോ കിളിയിരുന്നിട്ടോ അറിയില്ല, ചെമ്പക മരക്കൊമ്പിലെ മഴത്തുള്ളികൾ എന്റെ മേലേക്ക് വീണു. ആ കുളിർ ആസ്വദിച്ച് നിൽക്കുമ്പോഴാണ് ഒരു കുസൃതിച്ചിരിയുടെ അകമ്പടിയോടെ ആ പ്രിയ സാമീപ്യം ഞാൻ അറിഞ്ഞത്.
ബാല്യത്തിന്റെ അവ്യക്തമായ ഓർമകളിലോ, പല തവണ കണ്ടു മറന്ന സ്വപ്നങ്ങളിലോ ഇന്നും വ്യക്തമല്ലാത്ത മുഖമുള്ള എന്റെ കളിത്തോഴി.
എന്റെ 'മഴ പ്രാന്തുകളിൽ' എന്നും അവൾ ഉണ്ടായിരുന്നു.
ചെറു മരങ്ങൾക്കിടയിൽ കണ്ണടച്ചു നിർത്തി മരമുലച്ച് എന്നെ നനയിക്കുന്നത് അവളുടെ ഇഷ്ട വിനോദമായിരുന്നു. മഴ നനഞ്ഞ ചെമ്പകപ്പൂക്കൾ പെറുക്കിയും പാവാടത്തുമ്പുയർത്തി പാദസരം കിലുക്കി നടന്നും അവൾ പങ്കുവച്ചതത്രയും അവളുടെ മഴ സ്വപ്നങ്ങളായിരുന്നു. ആ നടത്തങ്ങൾ എന്നും അവസാനിച്ചിരുന്നത് ഇതേ ചെമ്പകച്ചോട്ടിലായിരുന്നു.
" ഒരിക്കൽ ഈ മഴയുടെ അറ്റം കാണാൻ പോണം നമുക്ക്... " അവൾ കൂടെക്കൂടെ പറയുമായിരുന്നു. പാടങ്ങളിലും നാട്ടുവഴികളിലും പഴയ കുളപ്പടവിലുമൊക്കെ ഞങ്ങൾക്കായി സംഭാഷണ വേദിയൊരുക്കി കാലം കടന്നുപോയി. എന്നിട്ടും അവളുടെ സംസാരമൊക്കെയും മഴയെയും മഴയുടെ അറ്റത്ത് പോകുന്നതിനെപ്പറ്റിയും ആയിരുന്നു.
മഴ തോർന്ന ഒരു സായാഹ്നത്തിൻ എനിക്കായി കാത്തിരുന്ന അവളെക്കാണാൻ പതിവിലും വൈകി, വഴുക്കലുള്ള കൽപ്പടവുകൾ ഇറങ്ങി ചെന്നതാണ് ഞാൻ. ഏറ്റവും താഴത്തെ കൽപ്പടവിലും കളത്തിലുമായി കുറച്ചു ചെമ്പക പൂക്കൾ മാത്രം. എനിക്കായി നീട്ടാറുള്ള ആ വെളുത്തുമെലിഞ്ഞ കൈകൾ തിരഞ്ഞ ഞാൻ അവ കണ്ടത് അവസാനമായി കുളത്തിൽ ഉയർന്ന് താഴുന്നതാണ് !!!
അവളെ തിരിച്ചുപിടിക്കാനായുള്ള വെള്ളത്തിലെ എന്റെ പരാക്രമത്തിലെപ്പോഴോ ബോധം മുറിഞ്ഞു. ഏതോ വഴിപോക്കരുടെ ശ്രമത്തിൽ ബോധം വീണ്ടെടുത്ത എനിക്ക് കാണാനായത് മഴയുടെ അറ്റത്തേക്ക് തനിച്ച് യാത്രയായ കളിത്തോഴിയുടെ മരിച്ച ശരീരമാണ്. ഒരിക്കലും ഉണരാത്ത ആ ഉറക്കത്തിലും സ്വതവേയുള്ള ആ കുസൃതിച്ചിരി മുഖത്തൊളിച്ചിരുന്നു. ഞാൻ ഒപ്പം ചെല്ലാത്ത പരിഭവവും ആ നിശ്ചല മുഖത്തു നിന്നും ഞാൻ മാത്രം വായിച്ചെടുത്തു. അന്ന് ഓർമയായി മാറിയിട്ടും അവൾ പിന്നെയും വന്നു വിളിച്ചു പല കർക്കിടക രാത്രികളിലും തുലാ പെയ്ത്തിലും, ഒടുവിൽ ഇത്ര കാലങ്ങൾക്ക് ശേഷം ഇന്ന് ഈ മഴ തോർന്ന നേരത്തും., .
" നമുക്ക് പോകാം.., ??, മഴയുടെ അറ്റത്തേക്ക് ?"
വശ്യമായി ചിരിച്ചു കൊണ്ട് അവൾ കൈ നീട്ടുന്നു. ആ ചിരിയുടെ മറവിൽ മരണത്തിന്റെ നിഴൽ ഞാൻ കണ്ടു.. അവളിലേക്ക് അണയാൻ വെമ്പുന്ന എന്നെ മരണഭയം പിന്നോട്ട് വലിച്ചു.
അപ്പോൾ മഴയുടെ ഇരമ്പം കേട്ടു തുടങ്ങി. ചെമ്പക മരത്തിനപ്പുറത്തേക്ക് മാത്രം മഴ തകർത്ത് പെയ്യുന്നു. അവൾ മഴയിലേക്കിറങ്ങി. മഴയില്ലാത്ത മഴയുടെ ഇങ്ങേയറ്റത്ത് ഞാനും. അവൾ എന്നെ മഴയിലേക്ക് ക്ഷണിച്ചു. ഞാൻ അനങ്ങിയില്ല. അവൾ എന്നെ വലിച്ച് മഴയിലേക്കിട്ടു, മരണത്തിലേക്കെന്ന പോലെ. എന്റെ കണ്ണുകൾ അടഞ്ഞു വന്നു. ചെമ്പകപ്പൂക്കൾ ഒന്നാകെ യെന്റെ മേലേക്ക് കൊഴിഞ്ഞു വീണു. ഇനിയെന്റെ മിഴികൾ തുറക്കുന്നത് മരണത്തിലേക്കാണ് എന്ന് ഞാൻ ഉറപ്പിച്ചു.
വളരെ പണിപ്പെട്ട് മിഴി തുറന്നത് പക്ഷേ മരണത്തിലേക്കായിരുന്നില്ല, ഒരു തീവ്ര സായാഹ്ന സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിലേക്കായിരുന്നു. വൈകുന്നേരം വരാന്തയിൽ എഴുതാനിരുന്ന് മയങ്ങിയുണർന്ന എന്റെ മുന്നിൽ മഴ പെയ്തു പോയതിന്റെ യാതൊരു ലാഞ്ജനയും കണ്ടില്ല, എന്തിന് അവിടെയെങ്ങും ഒരു ചെമ്പക മരം പോലും ഉണ്ടായിരുന്നില്ല. എന്നാൽ..., ഇത്ര തീവ്രമായ സ്വപ്നത്തിന്റെ ശേഷിപ്പെന്നോണം എന്റെയരികിൽ മഴ നനഞ്ഞ കുറച്ച് ചെമ്പകപ്പൂക്കൾ വീണു കിടക്കുന്നുണ്ടായിരുന്നു.....

   Over a month ago
SEND